Saturday, April 4, 2009

നേന്ത്രക്കായ മോരുകറി

ചേരുവകള്‍:
നേന്ത്രക്കായ - ഒന്ന്, നാലാക്കി, ചീന്തി അധികം വലുപ്പവും, അധികം ചെറുപ്പവും അല്ലാതെ കഷണങ്ങളാക്കിയത്. തൊലി കളയേണ്ട കാര്യമില്ല.
അധികം വലുപ്പമില്ലാത്ത ഒരു തേങ്ങയുടെ അര മുറി ചിരവിയത്.
ജീരകം, കുറച്ച്. കാല്‍ ടീസ്പൂണ്‍ മുഴുവന്‍ വേണ്ട.(തേങ്ങയും ജീരകവും ചേര്‍ത്ത് മിനുസമായി അരച്ചുവെയ്ക്കുക.)
മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് ആവശ്യത്തിന്‌
നല്ല പുളിയുള്ള മോര് - കാല്‍ ലിറ്റര്‍.
വറവിടാന്‍, കടുകും, കറിവേപ്പിലയും, ചുവന്ന മുളകും.


ഉണ്ടാക്കുന്ന വിധം
നേന്ത്രക്കായ, ഉപ്പും, മഞ്ഞളും മുളകുപൊടിയുമിട്ട് വേവിക്കുക.
വെന്താല്‍, മോരു ചേര്‍ത്ത് തിളപ്പിക്കുക.
തേങ്ങയും ജീരകവും, നന്നായി അരച്ച് വെച്ചത്, അതില്‍ ചേര്‍ക്കുക.
അതും നന്നായി തിളച്ചാല്‍, വാങ്ങിവെച്ച്, വറവിടുക.
വറവിട്ട ഉടനെ ഇളക്കിമറിച്ചുവയ്ക്കരുത്.
അല്‍പ്പം കഴിഞ്ഞശേഷം ഇളക്കുക.

മറ്റു കാര്യങ്ങള്‍:-
മുളകുപൊടിയ്ക്കുപകരം, പച്ചമുളക്, തേങ്ങയുടെ കൂടെച്ചേര്‍ത്ത് അരച്ച് ചേര്‍ക്കാം. കുരുമുളകുപൊടി ചേര്‍ക്കുകയും ചെയ്യാം. തേങ്ങ ചേര്‍ത്ത് നന്നായി വെന്തതിനുശേഷം, തൈര്‍ ഒഴിച്ച് ഒന്നു പതപ്പിച്ച് വാങ്ങിവെക്കുകയും ചെയ്യാം.
മോരു കുറവോ കൂടുതലോ ഉപയോഗിക്കാം, നിങ്ങളുടെ ഇഷ്ടം പോലെ. പക്ഷെ, വെള്ളം അധികം ചേര്‍ക്കാത്തതാണ് നല്ലത്.
ഉലുവ വറുത്തുപൊടിച്ച് ചേര്‍ക്കാം വേണമെങ്കില്‍. ശരിക്കുള്ള കാളനില്‍ വേവാനുള്ള വെള്ളമേ പാടുള്ളൂ. ഇത് അങ്ങനെ വേണമെന്നില്ല. എന്നാലും കുറേ വേണ്ട.

No comments:

Post a Comment